************************************************
"അമ്മേ ഒന്ന് പതുക്കെ കഴിച്ചു കൂടേ? കഷ്ടകാലത്തിന് തൊണ്ടേലെങ്ങാനും കുടുങ്ങി ചത്തു പോയാൽ അതിന്റെ പഴിയും ഞാൻ കേൾക്കേണ്ടി വരും!" എത്സയുടെ സ്വരത്തിൽ ദേഷ്യവും അവജ്ഞയുമൊക്കെ ഉണ്ടായിരുന്നു.
ത്രേസ്യാമ്മയാണെങ്കിൽ ഒന്നും പറയാതെ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് വേഗം പാത്രം കാലിയാക്കി എണീറ്റടുക്കളയിലേക്ക് നടന്നു.
അതുംകൂടി കണ്ടപ്പോൾ എത്സക്ക് കലിയിളകി. ഹാൻഡ് ബാഗ് എടുത്ത് തറയിൽ അമർത്തി ചവിട്ടി പൂമുഖത്തിരുന്ന് പത്രം വായിക്കുന്ന ടോണിയുടെ അടുത്തെത്തി.
"നിങ്ങടമ്മക്കെന്തൊരു ആക്രാന്തമാ ഇച്ചായാ..."
"എടീ അമ്മ ആകെ ഒരിത്തിരി വല്ലോമല്ലേ കഴിക്കുന്നുള്ളൂ... പിന്നെ കുറച്ച് തിരക്കിട്ട് കഴിക്കും... അതിന് നീയിങ്ങനെ ദേഷ്യപ്പെടാതെ..." ടോണി എൽസയെ അനുനയിപ്പിക്കാൻ നോക്കി.
"അമ്മ എത്ര കഴിച്ചാലും എനിക്കൊന്നുമില്ലെന്റിച്ചായാ... ഇങ്ങനെ വെപ്രാളപ്പെട്ട് കഴിക്കുന്നതെന്തിനാണെന്നാ... വീട്ടില് വേറെ ആൾക്കാരൊക്കെ വരുമ്പോഴും ഇങ്ങനെ തന്നെയാ. എന്തൊരു നാണക്കേടാ ബാക്കിയുള്ളോർക്ക്... ഒരുമാതിരി പട്ടിണിക്കിട്ടേക്കുന്ന പോലെ..."
ടോണി മറുപടിയൊന്നും പറഞ്ഞില്ല.
"ദാ പിന്നെ കൊച്ചിന് ചോറൊന്നും അമ്മയെക്കൊണ്ട് കൊടുപ്പിച്ചേക്കല്ലേ...കൊച്ചിന്റെ അണ്ണാക്കിലോട്ട് തള്ളിക്കേറ്റി അതുപിന്നെ ഇന്ന് മുഴുവൻ ശർദ്ദിലായിരിക്കും." ടോണിയെ തറപ്പിച്ചൊന്ന് നോക്കി എത്സ പടിയിറങ്ങി നടന്നു.
*****
"എൽസേ, എല്ലാരും വരുന്നേന് മുന്നേ അമ്മക്കത്താഴമങ്ങു കൊടുത്താലോടീ? ഇല്ലേൽ ആളോളുടെ മുന്നില് നമ്മള് നാണംകെടും." ത്രേസ്യയുടെ മൂത്തമകൾ മിനിയാണ്.
മിനിയുടെ മകൾ നിയയുടെ പിറന്നാളാഘോഷത്തിന് മിനിയുടെ വീട്ടിൽ വന്നതാണ് ടോണിയും കുടുംബവും.
അതൊരു നല്ല ബുദ്ധിയാണെന്ന് എത്സക്കും തോന്നി.
"അത് കൊള്ളാം ചേച്ചീ... പക്ഷേ അമ്മയെന്താ കഴിക്കാത്തേന്ന് ആരേലും ചോദിച്ചാ നമ്മളെന്ത് പറയും?" എത്സ ചോദിച്ചു.
"എടീ അമ്മക്ക് ഷുഗറുള്ള കൊണ്ട് നേരത്തേ കഴിച്ചെന്നങ്ങു പറഞ്ഞാ മതി."
"മമ്മീ, വല്ല്യമ്മച്ചിക്കതിനു ഷുഗറില്ലല്ലോ." കേട്ട് നിന്ന നിയ മോളാണ്.
"വല്ല്യോര് കാര്യം പറയുന്നേന്റിടക്ക് ന്യായം പറയാൻ വരല്ലേന്ന് നിന്നോട് പറഞ്ഞിട്ടില്ലേ. നല്ലോരു ദിവസായിട്ട് എന്റെയ്യീന്ന് നീ മേടിച്ചു കൂട്ടല്ല്. കേറിപ്പോടീ അകത്ത്." മിനി നിയയെ നോക്കി കണ്ണുരുട്ടി.
എത്സ പോയി ത്രേസ്യയെ വിളിച്ചു. "അമ്മേ വന്ന് വല്ലോം കഴിച്ചേച്ചിരിക്ക്. തിരക്കായാപ്പിന്നെ അമ്മേനെ നോക്കാനും എടുത്ത് തരാനുമൊന്നും ഞങ്ങക്ക് പറ്റീന്ന് വരില്ല."
ത്രേസ്യ ഒന്നും പറയാതെ വന്ന് കസേരയിൽ ഇരുന്നു. വല്യമ്മച്ചീടെ കണ്ണ് നിറഞ്ഞിട്ടുണ്ടെന്ന് നിയ മോൾക്ക് തോന്നി. ചോദിച്ചാൽ മമ്മി വഴക്ക് പറഞ്ഞാലോ എന്നോർത്ത് അവളൊന്നും മിണ്ടിയില്ല.
*****
കല്യാണത്തിന്റെ പുതുമോടി കഴിഞ്ഞിട്ടില്ല. തോമാച്ചനും ത്രേസ്യയും കൂടി എറണാകുളത്ത് ത്രേസ്യയുടെ അമ്മാച്ചന്റെ മോന്റെ കല്യാണത്തിന് പോകാനിറങ്ങിയതാണ്. വെളുപ്പിനത്തെ ബോട്ടിന് തന്നെ പോന്നത് കൊണ്ട് പ്രാതൽ കഴിക്കാനൊത്തില്ല. 'എന്തേലും കഴിച്ചിട്ട് പോകാമെടീ ത്രേസ്യേ' എന്ന് പറഞ്ഞ് തോമാച്ചനാണ് ബോട്ട് ജെട്ടിയിൽ നിന്ന് ബസ് സ്റ്റാൻഡിലോട്ടുള്ള വഴിയിലെ ഹോട്ടലിൽ കയറിയത്. വീട്ടില് പകലൊന്നും ത്രേസ്യയെ അടുത്ത് കിട്ടാത്തതിന്റെ ഏനക്കേടൊക്കെ ഇന്നോടെ തീർക്കണമെന്നൊക്കെയാണ് തോമാച്ചന്റെ മനസ്സിൽ.
മുന്നിലിരുന്ന പുട്ട് പൊടിച്ച് കടലക്കറി ചേർത്ത് കുഴക്കുന്നതിനിടയിൽ 'ഇങ്ങനൊക്കെ വല്ലപ്പോഴുമേ ഒക്കൂ. നിനക്ക് വേണ്ടതൊക്കെ ഇഷ്ടം പോലെ കഴിച്ചോ' എന്ന് പറഞ്ഞ് തലപൊക്കി നോക്കിയ തോമാച്ചൻ കണ്ടത് പുട്ടും കടലയും കുഴച്ച് ധൃതി പിടിച്ച് കഴിക്കുന്ന ത്രേസ്യയെ ആണ്. 'പതുക്കെ കഴിച്ചാ മതി' എന്ന് തോമാച്ചൻ പലതവണ പറഞ്ഞിട്ടും ത്രേസ്യ കേട്ട ഭാവമില്ല. തീറ്റമത്സരത്തിന് വാറുണ്ണി പോലും ഇത്രേം വേഗത്തിൽ കഴിക്കുന്നത് തോമാച്ചൻ കണ്ടിട്ടില്ല.
ത്രേസ്യയുടെ ഈ കഴിപ്പ് ഹോട്ടലിൽ ഭക്ഷണം വിളമ്പുന്നവനും അടുത്തിരിക്കുന്നവരുമൊക്കെ ശ്രദ്ധിച്ച് തുടങ്ങിയപ്പോൾ തോമാച്ചനാകെ ജാള്യതയായി. 'എടീ ഒന്ന് പതുക്കെ. ഇച്ചിരി വെള്ളമെങ്കിലും കുടിക്ക് ' എന്ന് പറഞ്ഞ് കയ്യിൽ തട്ടിയ തോമാച്ചനെ നോക്കി ത്രേസ്യ ഒന്ന് ചിരിക്കാൻ ശ്രമിച്ചു. പുട്ടും കടലയും വായിൽ കുത്തി നിറച്ചിരുന്നത് കൊണ്ട് അത് ചിരിയാണെന്ന് തോമാച്ചനൊട്ട് മനസ്സിലായതുമില്ല.
കല്യാണസത്കാരത്തിനിടയിലും തോമാച്ചൻ തലകുനിച്ചിരുന്നു പോയി. ഇവള് വീട്ടിലിങ്ങനെയൊന്നും കാണിക്കുന്നില്ലല്ലോ എന്നോർത്തപ്പോഴാണ് ഇതുവരെ ഒരുമിച്ചിരുന്നു കഴിച്ചിട്ടേ ഇല്ലല്ലോ എന്ന് തോമാച്ചൻ തിരിച്ചറിഞ്ഞത്.
എന്തായാലും തോമാച്ചനും ത്രേസ്യയും ഒരുമിച്ച് പുറത്ത് പോയി ഭക്ഷണം കഴിച്ച ആദ്യത്തെയും അവസാനത്തെയും യാത്രയായി അത്.
******
ജോർജ് ഡോക്ടറുടെ വീട്ടിലെ പണി കഴിഞ്ഞു മറിയാമ്മ വരാൻ കാത്തിരിക്കുകയാണ് കുഞ്ഞ് ത്രേസ്യയും അനിയൻ ആന്റപ്പനും. ഡോക്ടറുടെ അടുക്കളയിൽ ബാക്കി വരുന്ന ചോറും കറിയുമാണ് ത്രേസ്യയുടേം ആന്റപ്പന്റേം അത്താഴം. മിക്കവാറും ചോറും മീൻചാറുമായിരിക്കും. മറിയാമ്മ വന്നാലുടനെ രണ്ട് പിഞ്ഞാണത്തിലാക്കി രണ്ടാളുടേം മുന്നിൽ വച്ച് കൊടുക്കും.
"ത്രേസ്യാക്കൊച്ചേ, ആന്റപ്പാ, വേഗം കഴിക്ക്. അപ്പൻ വരാറായി." മറിയാമ്മ വെപ്രാളപ്പെട്ട് മക്കളോട് പറഞ്ഞുകൊണ്ട് ഇടക്കിടെ പുറത്തേക്ക് നോക്കും. ഷാപ്പ് മുഴുവൻ കുടിച്ച് വറ്റിച്ച് മത്തായി എപ്പോ വേണമെങ്കിലും വന്ന് കയറാം. താനല്ലാതെ വേറെ ആരും തന്റെ മക്കൾക്ക് അണ്ണാക്കിലൊട്ടൊന്നും ഇട്ട് കൊടുക്കണ്ടെന്നാണ് മത്തായിയുടെ സുവിശേഷം. വേറെ എന്ത് ഭക്ഷണസാധനം വീട്ടിലിരിക്കുന്നത് കണ്ടാലും അതെടുത്ത് പറമ്പിലെറിഞ്ഞു കളയും. പിള്ളേര് തിന്നോണ്ടിരിക്കുമ്പോഴെങ്ങാനും വന്ന് കയറിയാൽ പാത്രത്തോടെ കാല് കൊണ്ടൊരു തട്ടലാണ്. ബോധം വന്ന് മത്തായി അരിയും സാധനങ്ങളും മേടിച്ചിട്ട് വല്ലതും വച്ചുണ്ടാക്കി പിള്ളേർക്ക് കൊടുക്കാമെന്ന് വച്ചാൽ അപ്പോഴേക്കും പിള്ളേര് പട്ടിണി കിടന്നു ചത്തു പോകും.
"മക്കളേ വേഗമാട്ടെ", മറിയാമ്മ പിന്നെയും വേവലാതിപ്പെട്ട് പറഞ്ഞു. ത്രേസ്യയും ആന്റപ്പനും വെപ്രാളപ്പെട്ട് ആ കുഞ്ഞ് വായകളിൽ കൊള്ളാവുന്നതിന്റെ പരമാവധി ചോറ് കുത്തിക്കയറ്റി.
Comentários