ഈക്കഴിഞ്ഞ ദിവസം, കൃത്യമായി പറയുകയാണെങ്കിൽ മെയ് 7, വൈകിട്ട് ഏകദേശം 6 - 6:30 സമയം ഞാൻ Mason വഴി വരികയായിരുന്നു. എന്തെല്ലാമോ ആലോചിച്ചു കൊണ്ട് ഡ്രൈവ് ചെയ്യവെ, സുന്ദരമായ ഒരു കാഴ്ച കണ്ടു...ഒരു മഴവില്ല് ...ഒന്നല്ല, രണ്ടു്, അതും അടുത്തടുത്ത് …. വളരെ അപൂർവമായി കാണുന്ന ഒരു പ്രതിഭാസം... ഒട്ടും താമസിച്ചില്ല ഫോണിൽ ഒരു പടം പകർത്തി!
ആയുസ്സൊടുക്കി മതിവരാതെ ചോരക്കായി വീണ്ടും വീണ്ടും നാവു നീട്ടുന്ന മഹാമാരിയുടെ ഈ കെട്ട കാലത്തു പ്രകൃതിയുടെ ഈ അത്ഭുതം എന്നിൽ സാന്ത്വനത്തിന്റെ നീർ തുള്ളികൾ പ്രദാനം ചെയ്തതിൽ സംശയം വേണ്ട
ഓർമ്മകൾ എന്റെ കുഞ്ഞിനാളിലേക്കു പോകാൻ നിമിഷങ്ങൾ മാത്രമേ എടുത്തുള്ളൂ . എൻ്റെ ആദ്യത്തെ അദ്ധ്യാപിക ആയ കുഞ്ഞമ്മ ടീച്ചർ...എൻ്റെ കുടിപ്പള്ളിക്കൂടം....ബാല പാഠാവലി...അങ്ങനെ പല പല ബാല്യകാല സ്മരണകൾ മനസ്സിൽക്കൂടി ഓടി മറഞ്ഞു....
ചാണകം മെഴുകിയതും ഓല മേഞ്ഞതുമായ എൻ്റെ കുടിപള്ളിക്കൂടത്തിൻ്റെ വരാന്തയിൽ ഞാൻ സ്ലേറ്റിൽ എന്തെല്ലാമോ കുത്തിക്കുറിച്ചു കൊണ്ടിരിക്കും ടീച്ചർ വരുന്നത് വരെ. ചിലപ്പോൾ, മണ്ണ് വാരി എന്തെങ്കിലും അതിൽ എഴുതി മായ്ച്ചു കളയും....ടീച്ചർ വന്നു കഴിഞ്ഞാൽ പാഠാവലി തുറന്നു ഓരോ വാക്കുകൾ പറഞ്ഞു തരും...അത് കഴിഞ്ഞു എന്നെക്കൊണ്ട് ആ വാക്കുകൾ എഴുതിയ്ക്കും......തറ, തവള, പറ, പന എന്ന വാക്കുകൾ കൂടാതെ ആ പുസ്തകത്തിൽ ഒരു മഴവില്ലിൻറ്റെ ചിത്രവും ഉണ്ടായിരുന്നു. എൻ്റെ ടീച്ചർ അതിനെ പ്പറ്റി പറഞ്ഞപ്പോൾ എനിക്കുണ്ടായ ജിജ്ഞാസ പറഞ്ഞറിയിക്കാൻപറ്റാത്ത ഒന്നായിരുന്നു.. ടീച്ചർ പറഞ്ഞു "മോനെ, വലുതാകുമ്പോൾ ഇത് കാണുവാൻ പറ്റുമായിരിക്കും! ഞാൻ ഇതുപോലെ ഒരെണ്ണം ഒരിക്കലേ കണ്ടിട്ടുള്ളു....വർഷങ്ങൾ മുമ്പ് ആലപ്പുഴ കടൽത്തീരത്ത്! ".
ആ പുസ്തകത്തിൽ കണ്ടപോലെയുള്ള ഒരു മഴവില്ല് കാണാൻ ഞാൻ കൊതിച്ചു......ആ ദിവസത്തെ കാത്തിരുന്നു..... വർഷങ്ങൾ കടന്നുപോയി .........ജീവിതത്തിൻറെ പിന്നാലെയുള്ള ഓട്ടത്തിൽ ഞാൻ എല്ലാം മറന്നു....മഴവില്ലും പ്രകൃതി രമണീയമായ കാര്യങ്ങെളും കാഴ്ചകളും ടീവിയിൽ മാത്രമായി ഒതുങ്ങിക്കൂടി ....അതും വല്ലപ്പോഴും....
“ദാ മഴവില്ല്....എന്തൊരു ചന്തമുള്ള മഴവില്ല്!!!” ഞാൻ അറിയാതെ ആരോടിന്നില്ലാതെ പറഞ്ഞുപോയി…ചെറു മഴയുടെ ശബ്ദവും, ആ സമയത്തെ വെയിലും, മഴവില്ലിൻറ്റെ സൗന്ദര്യവും എത്ര മനോഹരമായിരുന്നു....
കാലത്തിൽ മറഞ്ഞു പോയതും മറന്നു പോയതുമായ വേറൊരു ഓർമയും ഓടിയെത്തി..... ക്ലാരമ്മ....എൻ്റെ അമ്മയെപ്പോലെ എന്നെ നോക്കിയിരുന്ന, സ്നേഹത്തിൻെറ ഉറവിടമായിരുന്ന ക്ലാരമ്മ. ഞാൻ കുഞ്ഞായിരുന്നപ്പോൾ എന്നെ എടുത്തുകൊണ്ടു നടന്ന വീട്ടിലെ ഒരംഗമായിരുന്ന ക്ലാരമ്മ. എനിക്ക് ആഹാരം തരുവാനും, എൻ്റെ കൂടെ ഓടി നടക്കുവാനും ഉണ്ടായിരുന്ന ക്ലാരമ്മ.
എപ്പോഴും വെള്ള ചട്ടയും മുണ്ടും വളരെ ഭംഗിയായി ധരിച്ചിരുന്ന എൻ്റെ മറ്റൊരമ്മ ആയിരുന്നു ക്ലാരമ്മ. ആ അമ്മയുടെ മുണ്ടിനു പിറകിലുള്ള വീശറിയിൽ തൂങ്ങി കളിക്കുമ്പോൾ ക്ലാരമ്മ ചി രിച്ചുകൊണ്ട് പറയും "അത് ചെയ്യല്ലേ മോനെ....". പക്ഷേ ഞാൻ കളി പിന്നെയും തുടരും...വീടിൻ്റെ അടുത്തായിരുന്നു കുടിപള്ളിക്കൂടം. എന്നിരുന്നാലും ക്ലാരമ്മ എൻ്റെ കൂടെ അവിടെ വരുമായിരുന്നു പ്രധാന കാരണം മറ്റൊന്നുമല്ല, കുഞ്ഞമ്മ ടീച്ചർ ക്ലാരമ്മയുടെ സഹോദരൻറെ മകളായിരുന്നു.
ആ അമ്മ ഇഹലോകത്തിലെ എല്ലാ ദുരിതങ്ങളിൽ നിന്നും എന്നന്നേക്കും മോചിതയായി മോക്ഷപ്രാപ്തയായിട്ട് വർഷങ്ങൾ കഴിഞ്ഞു..... ഈ ഓർമകുളുമായി Blue Ash വീട്ടിൽ എത്തിയത് ഞാൻ അറിഞ്ഞതേയില്ല. എൻ്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി....ആ ക്ലാരമ്മ എന്ന എന്നെ പ്രസവിക്കാത്ത അമ്മ.. ഓർമയിൽ മാത്രം അവശേഷിക്കുന്നു......ആ ആത്മാവിന് നിത്യ ശാന്തി നേരുന്നു....
എന്തെല്ലാം എന്തെല്ലാം മനസ്സിൽ കൂടി ഓടിപ്പോയി എന്നോർക്കുമ്പോൾ, അതും വെറും നിമിഷങ്ങൾക്കുള്ളിൽ...മഴവില്ല് മാത്രമല്ല നമ്മളുടെ മനസ്സും പ്രകൃതിയുടെ ഒരു മായാവിലാസം ആണെന്ന് വിശ്വസിക്കേണ്ടിവരുന്നു........... ഈ പ്രപഞ്ചശക്തിക്കു മുന്നിൽ നമ്മൾ മനുഷ്യർ ഒന്നുമല്ല......വെറും ഒരു ചെറിയ കണിക മാത്രം, അല്ലേ?.....
Comments