************************************************************************************************************************
"ശ്ശ്..."
ആരാണാവോ ഈ പാതിരയ്ക്ക്? വെള്ളിയാഴ്ചയാണല്ലോ എന്ന് പെട്ടെന്നവന് ഓർമ്മ വന്നു. ചെറിയൊരു പേടിയോടെ മനു ചുറ്റും നോക്കി. നല്ല നിലാവെളിച്ചമുള്ളത് കൊണ്ട് ചുറ്റും കാണാം. ആരുമില്ല. തോന്നിയതാവും.
സഹപ്രവർത്തകരുടെ കൂടെ ഒരു ചെറിയ പാർട്ടി കഴിഞ്ഞ് വരുന്ന വഴിയാണ്. പാതിരാ കഴിഞ്ഞു. വീടുവരെ എത്തില്ല എന്നുറപ്പായപ്പോൾ വഴിയിൽ വണ്ടിയൊതുക്കി ഒന്ന് മൂത്രമൊഴിക്കാൻ ഇറങ്ങിയതാണ്. ഡെപ്യൂട്ടേഷനിൽ ഇവിടെ എത്തിയിട്ട് കഷ്ടിച്ച് രണ്ടുമാസം. സ്ഥലങ്ങളൊന്നും അത്രക്കങ്ങു പരിചയമായിട്ടില്ല.
പാന്റ്സിന്റെ സിപ് വലിച്ചിട്ട് തിരിച്ചു നടന്നപ്പോൾ വീണ്ടും ആരോ വിളിച്ചത് പോലെ. തിരിഞ്ഞു നോക്കരുതെന്ന് മനസ്സ് പറഞ്ഞെങ്കിലും അറിയാതെ നോക്കിപ്പോയി. ആരെയും കാണുന്നില്ല. നെഞ്ചിടിപ്പ് കൂടി. ധൃതിയിൽ നടക്കാൻ തുടങ്ങിയപ്പോൾ വീണ്ടും വിളി.
"ശ്ശ്... ദാ ഈ മാവിന്റെ മോളിലോട്ടൊന്നു നോക്കിയേ...", അശരീരി പോലൊരു സ്ത്രീശബ്ദം. ശ്രീകൃഷ്ണപ്പരുന്തും വീണ്ടും ലിസയുമൊക്കെ ഒറ്റ നിമിഷത്തിൽ കണ്ണിനുമുന്നിൽ തെളിഞ്ഞു. കുടിച്ച കള്ളെല്ലാം നിമിഷം കൊണ്ടാവിയായി. ആദ്യമേ മൂത്രമൊഴിച്ചത് നന്നായി. ഇല്ലെങ്കിൽ ഇപ്പോ സാധിച്ചേനെ...
രണ്ടും കല്പിച്ച് തിരിഞ്ഞു നോക്കി... മാവിൻ കൊമ്പിലിരുന്ന് മുണ്ടും ബ്ലൗസും ഇട്ടൊരു പെണ്ണ് ചിരിക്കുന്നു.
"ലൈറ്ററോ തീപ്പെട്ടിയോ ഉണ്ടോ കയ്യിൽ?"
അപ്പോഴാണ് അവളുടെ കയ്യിലിരിക്കുന്ന സിഗരറ്റ് കണ്ണിൽപ്പെട്ടത്. വേഷവും ഭാവവും കണ്ടിട്ട് വിചാരിച്ചപോലെ പേടിക്കേണ്ട കാര്യമില്ലെന്ന് മനുവിന് തോന്നി. പോക്കറ്റിൽ നിന്ന് ലൈറ്റർ എടുത്ത് നീട്ടി. അവൾ മാവിൽ നിന്ന് ചാടിയിറങ്ങി. പെട്ടെന്നവന് ചിരി വന്നു. അവന്റെ കയ്യിൽ നിന്ന് ലൈറ്റർ വാങ്ങിക്കൊണ്ടവൾ ചോദിച്ചു, "എന്തേ ചിരിക്കാൻ?"
"മരംകേറി പെങ്ങള് കല്യാണം കഴിഞ്ഞ് പോയതിൽപ്പിന്നെ വേറൊരു മരംകേറിയെ കാണുന്നതിപ്പോഴാ."
"എന്നെപ്പോലൊരു സുന്ദരിപ്പെണ്ണിനെ ഇത്രേം sexy outfit ഒക്കെയിട്ട് കണ്ടിട്ട് പെങ്ങളെയാണല്ലോ ഓർമ്മ വന്നത്! അതും ഈ അസമയത്ത്..."
അവനത് കേട്ട് പൊട്ടിച്ചിരിച്ചു, അവളും ആ ചിരിയിൽ ചേർന്നു.
സിഗരറ്റ് കത്തിച്ച് ആദ്യ പുകയെടുത്ത് തീരുന്നതിനു മുന്നേ അവൾ ചുമച്ചു തുടങ്ങി.
"ശീലമില്ലാത്തോണ്ടാ...", ചമ്മിയ ചിരിയോടെ അവൾ പറഞ്ഞു.
ശേഷം കൈപിടിച്ചു കുലുക്കി അവൾ സ്വയം പരിചയപ്പെടുത്തി, "പാർവതി. പാറുവെന്ന് വിളിച്ചോളൂ."
"മനു". ഇപ്പോഴാണ് അവളുടെ മുഖത്തേക്കൊന്ന് സൂക്ഷിച്ച് നോക്കാൻ പറ്റിയത്. ഒരുരിപത്തിരണ്ട് ഇരുപത്തിമൂന്ന് വയസ്സ് കാണണം. കാണാൻ നല്ല ചേലുള്ള മുഖം.
പരിചയപ്പെടൽ കഴിഞ്ഞതും അവളാ മാവിന്റെ ചുവട്ടിൽ ചമ്രം പടഞ്ഞിരുന്നു.
"തിരക്കില്ലെങ്കിൽ ഇങ്ങോട്ടിരിക്ക് ബ്രോ... ഒരു പുകയൊക്കെ എടുത്ത് കത്തി വച്ചിരിക്കാം."
വേണോ വേണ്ടയോ എന്നൊരു നിമിഷം ശങ്കിച്ചെങ്കിലും അവനും ഇരുന്നു. ഒരു സിഗരറ്റെടുത്ത് കത്തിച്ചു.
"ഒരു സെൽഫി എടുത്ത് insta story ആക്കേണ്ട moment ആണ്.
ഒരു ദീർഘനിശ്വാസത്തോടെ അവൾ തുടർന്നു. "പക്ഷേ മരിച്ചുപോയവർ insta story ഇട്ടാൽ വീട്ടുകാരും നാട്ടുകാരും freak out ആവില്ലേ..."
പെരുവിരലിലൂടെ തണുപ്പരിച്ച് കയറുന്നത് പോലെ തോന്നി അവന്. അവളിനി തമാശ പറഞ്ഞതാവുമോ, അതോ താൻ കേട്ടതിന്റെ പിശകാണോ...
"പാറു എന്താ പറഞ്ഞത്? മരിച്ച് പോയവർ എന്നോ?"
"ഉം... എന്ന് വച്ചാൽ I'm a ghost. പച്ചമലയാളത്തിൽ പ്രേതം... ഒരു കാല്പനികതയ്ക്ക് വേണമെങ്കിൽ യക്ഷി എന്ന് വിളിച്ചോളൂ."
അവനെണീറ്റോടാൻ തോന്നി. പക്ഷേ അനങ്ങാൻ പറ്റുന്നില്ല. തണുപ്പ് ദേഹമാസകലം പടർന്നത് പോലെ. എന്നിട്ടും അടിമുടി വിയർക്കുന്നു. തൊണ്ട വരണ്ടുണങ്ങുന്നു. ഏയ്, അവള് തന്നെ പറ്റിക്കാൻ പറയുന്നതാവും.
"ചുമ്മാ കളിക്കല്ലേ... തന്നെ കണ്ടാലറിയാല്ലോ പ്രേതമൊന്നും അല്ലാന്ന്..." എങ്ങനെയൊക്കെയോ അവൻ പറഞ്ഞൊപ്പിച്ചു.
"അതിനിയാള് വേറെ പ്രേതങ്ങളെ കണ്ടിട്ടുണ്ടോ?"
"അതില്ല... പക്ഷേ സിനിമയിലൊക്കെ വെള്ള സാരി, നീണ്ട മുടിയൊക്കെ അല്ലേ? പിന്നെ പാലപ്പൂവിന്റെ മണവും..."
"പിന്നേ... ആ സിനിമകൾക്കൊക്കെ ഒറിജിനൽ പ്രേതങ്ങളല്ലേ തിരക്കഥ എഴുതിയത്... ആളെ കാണുന്ന get up മാത്രേ ഉള്ളൂ, വല്യ വിവരമൊന്നും ഇല്ലല്ലേ..." അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് തുടർന്നു. "മരിച്ചപ്പോ തോളൊപ്പമേ മുടിയുണ്ടായിരുന്നുള്ളൂ, ആ എനിക്ക് രണ്ടാഴ്ച കൊണ്ടെങ്ങനെ നിലത്തിഴയുന്ന മുടിയുണ്ടാകും?സ്വന്തം ആങ്ങളേടെ കല്യാണത്തിന് പോലും സാരി ഉടുത്തിട്ടില്ല, പിന്നാ ഇനി, അതും വെള്ള സാരി. പാലപ്പൂവിന്റെ മണം വരാൻ ഈ ചുറ്റുവട്ടത്തൊന്നും പേരിന് പോലും ഒരു പാലയില്ല. പിന്നെ നിങ്ങടെ തിയറി വച്ചാണേൽ പനയുടെ മോളിലല്ലേ ഞാനിരിക്കേണ്ടത്, മാവിന്റെ കൊമ്പിലല്ലല്ലോ..."
അവൾ സംസാരിക്കുമ്പോൾ മുഴുവൻ നീണ്ട പല്ലുകൾ വല്ലതും ഉണ്ടോ എന്നായിരുന്നു അവൻ നോക്കിയത്. അവളത് മനസ്സിലാക്കിയിട്ടെന്നോണം പല്ല് കൂട്ടിപ്പിടിച്ച് ഇളിച്ചു കാണിച്ചു. എന്നിട്ട് വീണ്ടും പൊട്ടിച്ചിരിച്ചു. ആ ചിരി ആകാശത്ത് തട്ടി പ്രതിധ്വനിക്കുന്നു എന്നൊക്കെ അവന് തോന്നി.
എന്തുകൊണ്ടോ അവന്റെ പേടി ഒരല്പം കുറഞ്ഞു.
"എങ്ങനെയാ മരിച്ചത്?", അവൻ ചോദിച്ചു.
"ഡിഷ്യും...", അവൾ തലയിലേക്ക് വെടി വക്കുന്നത് പോലെ അഭിനയിച്ചു.
"Suicide. വെടി വക്കാൻ തോക്കില്ലാത്തത് കൊണ്ട് ഞരമ്പങ്ങു മുറിച്ചു. എനിക്ക് ആണുങ്ങളെയല്ല പെണ്ണുങ്ങളെയാണ് ഇഷ്ടമെന്നറിഞ്ഞപ്പോൾ വീട്ടുകാർക്ക് പ്രാന്ത് പിടിച്ചു. മരുന്ന്, മന്ത്രവാദം, ധ്യാനം, ഭീഷണി... ഒടുക്കം വീട്ടുകാര് പേരിനൊരു പെണ്ണുകാണൽ പോലുമില്ലാതെ കല്യാണമുറപ്പിച്ചു. ശരിക്കും പറഞ്ഞാൽ നല്ല വിലയ്ക്കൊരു ചെക്കനെ വാങ്ങി. ഞാൻ രക്ഷപെട്ടു പോകാതിരിക്കാൻ പഠിത്തം നിർത്തി, വീട്ടിൽ പൂട്ടിയിട്ടു. വേറൊരു വഴിയും കാണാഞ്ഞിട്ട് ചെയ്തതാ..."
അവൻ എന്തുപറയണമെന്നറിയാതെയിരുന്നു.
"നഷ്ടബോധമൊന്നുമില്ല കേട്ടോ. അത്ര കേമമായിരുന്നു ജീവിതം." തൊട്ടടുത്തുള്ള മതിൽക്കെട്ടിനകത്തേക്ക് ചൂണ്ടി അവൾ തുടർന്നു, "അതാണെന്റെ വീട്. ഓർമ്മ വച്ച കാലം മുതൽ കുലസ്ത്രീയാകാനുള്ള ട്യൂഷൻ തന്നാണ് വളർത്തിയത്. ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നത് പോയിട്ട് ഇഷ്ടമുള്ള വിഷയം പഠിക്കാനുള്ള സ്വാതന്ത്ര്യം പോലും തന്നിട്ടില്ല. പിന്നെ ഈ അടുത്തകാലത്ത് വലിയൊരു ഔദാര്യം വച്ചു നീട്ടി. ആണൊരുത്തനെ വേണമെങ്കിൽ പ്രേമിച്ചോളാൻ; അങ്ങനെയെങ്കിലും മകളുടെ രോഗം മാറിയാലോ!" ഒരു ദീർഘനിശ്വാസത്തോടെ അവൾ പറഞ്ഞ് നിർത്തി.
കുറച്ചു നേരത്തേക്ക് രണ്ടുപേരും ഒന്നും മിണ്ടിയില്ല.
"സാരി ഉടുക്കാത്തതിന്റെ ലോജിക് പിടികിട്ടി. എന്നാലും ഈ വേഷവിധാനം അങ്ങോട്ട്...", അവളുടെ ചിരിയിൽ അവന്റെ ചോദ്യം മുറിഞ്ഞു.
"എന്റെ കൂട്ടുകാരി ജെസ്സീടെ ജീൻസും ടോപ്പും ഉണങ്ങാൻ വിരിച്ചിരിക്കുന്നത് കണ്ട് ഒരു കൗതുകത്തിനെടുത്തിട്ടു ആദ്യം. രണ്ട് ദിവസം കഴിഞ്ഞ് വേറൊരു വീട്ടീന്ന് ഒരു ഗൗൺ പൊക്കി. അങ്ങനെ ജീവിച്ചിരുന്നപ്പോൾ കൊതിയുണ്ടായിട്ടും ഇടാൻ പറ്റാതിരുന്ന ഉടുപ്പുകളൊക്കെ അടിച്ചുമാറ്റി ഇട്ടോണ്ടിരിക്കുവാ. അപ്പോഴാ ഇന്നലെ വൈകിട്ട് തെക്കേതിലെ ലീല ചേച്ചീടെ മുണ്ടും ബ്ലൗസും കണ്ണിൽപ്പെട്ടത്. ഒരു വെറൈറ്റി ആയിക്കോട്ടെന്ന് വിചാരിച്ചു. ഉടുത്തു നോക്കിയപ്പോഴല്ലേ പരമാനന്ദം. നമ്മുടെ കാലാവസ്ഥയ്ക്ക് ഇത്രേം ചേർന്നൊരു വേഷം വേറെയില്ല."
അവളുടെ പറച്ചിൽ കേട്ട് അവന് ചിരി വന്നു.
"രണ്ടുദിവസം ഉടുത്ത് കഴിഞ്ഞ് കഴുകാനുള്ള തുണീടെ കൂടെക്കൊണ്ട് തിരിച്ചിടും കേട്ടോ. പക്ഷേ തമാശ അതല്ല, അമ്മായിഅമ്മ മനഃപൂർവം മുണ്ടും ബ്ലൗസും എടുത്തൊളിപ്പിച്ചെന്ന് പറഞ്ഞു ലീല ചേച്ചി രാവിലെ തന്നെ പൂരപ്പാട്ട്...", പൊട്ടിച്ചിരിയോടെ അവൾ പറഞ്ഞു നിർത്തി.
"തുണി എടുക്കാൻ ചെല്ലുന്നതൊന്നും ആരും കാണില്ലേ?", അവൻ ചോദിച്ചു.
"ഇല്ല. കുറേപ്പേരുടെ മുന്നിൽക്കൂടെ നടന്നും വിളിച്ചുമൊക്കെ നോക്കി. ആദ്യമായി ഒരാള് വിളികേൾക്കുന്നതും കാണുന്നതും നിങ്ങളാണ്."
സംസാരിക്കുംതോറും അവന്റെ പേടി ഇല്ലാതായിക്കൊണ്ടിരുന്നു. സത്യത്തിൽ ഈയടുത്ത കാലത്തൊന്നും ആരോടും ഇത്രയും നേരം സംസാരിച്ചിട്ടില്ല. അങ്ങനെ ഇരുന്നിരുന്ന് നേരം വെളുക്കാറായി. അവൻ പതുക്കെ യാത്ര പറഞ്ഞെഴുന്നേറ്റു.
"സമയം കിട്ടുമ്പോൾ ഈ വഴിക്കൊക്കെ വാ... മിണ്ടീം പറഞ്ഞും ഇരിക്കാല്ലോ..."
വരാമെന്നവൻ തലകുലുക്കി.
"പിന്നേ, നേരത്തെ വിവരമില്ല എന്ന് വെറുതെ കളിയാക്കിയതാണേ... എനിക്കുമുണ്ടായിരുന്നു കുറേ തെറ്റിദ്ധാരണകൾ. കണ്ണടച്ചു വിരല് ഞൊടിച്ചാൽ അങ്ങ് സ്വിറ്റ്സർലൻഡ് വരെ ചുമ്മാ പോയിട്ട് വരാം, പറന്നു നടക്കാം, പൂട്ടിയിട്ട വാതിലിലൂടെ അകത്തുകടക്കാം... എല്ലാം വെറുതെയാ..."
ഒരു ചെറുചിരിയോടെ അവൻ തിരിഞ്ഞു നടന്നു.
"ദാ, കാല് നിലത്തുമുട്ടുന്നുണ്ട് കേട്ടോ...", പിന്നിൽ അവളുടെ പൊട്ടിച്ചിരി.
**************************************
പിറ്റേ ഞായറാഴ്ച രാവിലെ പത്രത്തിലെ നാട്ടുവിശേഷം പേജിൽ വന്ന രണ്ട് കോളം വാർത്ത കണ്ട് മനുവിന് ചിരിയടക്കാനായില്ല. സ്ത്രീകളുടെ വസ്ത്രം മാത്രം മോഷ്ടിച്ച്, രണ്ടുദിവസം കഴിഞ്ഞ് മുഷിഞ്ഞ വസ്ത്രം തിരികെ കൊണ്ടിടുന്ന വിചിത്ര മോഷ്ടാവിനെക്കുറിച്ചായിരുന്നു ആ വാർത്ത.
-- സരിത സുഗുണൻ
Comments